പത്തനംതിട്ട: നിർമാണത്തിലിരിക്കുന്ന ജില്ലാ സ്റ്റേഡിയം തുറന്നു നൽകുന്നതും കാത്തിരിക്കുകയാണ് കായികതാരങ്ങൾ. സ്കൂൾ കായികമേളയ്ക്കായി തയാറെടുക്കുന്ന കുട്ടികൾക്കാണ് പരിശീലനത്തിനു വേദിയില്ലാതായത്. സ്കൂളുകളിൽ രണ്ടാംപാദം ആരംഭിക്കുന്നതോടെ കായികമേളകൾ ഉപജില്ല, ജില്ലാ തലത്തിൽ നടക്കണം. ഇതിനു വേദി കണ്ടെത്തേണ്ടതുമുണ്ട്. കഴിഞ്ഞ നാലുവർഷമായി മത്സരങ്ങൾക്കുള്ള വേദി കൊടുമൺ ഇഎംഎസ് സ്റ്റേഡിയം മാത്രമായിരുന്നു. പത്തനംതിട്ടയിൽ നിന്നും കൊടുമൺ വരെ യാത്ര ചെയ്താണ് നിലവിൽ കുട്ടികൾ പരിശീലനം നേടുന്നത്.
കൊടുമൺ സ്റ്റേഡിയത്തിൽ പരിശീലനത്തിനായി ഫീസും നൽകണം. ഒരാൾക്ക് പ്രതിമാസം 500 രൂപയാണ് ഫീസ്. നിലവിൽ പത്തനംതിട്ട ജില്ലയിൽ തന്നെ സിന്തറ്റിക് ട്രാക്ക് സംവിധാനമുള്ള ഏക സ്റ്റേഡിയവും കൊടുമണ്ണിലേതാണ്. ജില്ലാ സ്റ്റേഡിയം പൂർണസജ്ജമാകാൻ ഡിസംബർ വരെ കാത്തിരിക്കേണ്ടിവരുമെങ്കിലും കായിക താരങ്ങളുടെ പരിശീലനത്തിനായി തുറന്നു കൊടുക്കുന്നത് പരിഗണിക്കണമെന്ന് ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് കെ. അനിൽകുമാർ പറഞ്ഞു. ഇക്കാര്യം ജില്ലാ കളക്ടർ, എംഎൽഎ എന്നിവരുമായി കൂടിയാലോചിക്കും.
നിർമാണം അവസാനഘട്ടത്തിൽ
ജില്ലാ സ്റ്റേഡിയത്തിന്റെ നിർമാണം അവസാന ഘട്ടത്തിലാണെന്ന് അധികൃതർ പറയുന്നു. 80 ശതമാനം ജോലികളും പൂർത്തീകരിച്ചു. ലൈൻ മാർക്കിംഗ് ഉൾപ്പെടെ സിന്തറ്റിക് ട്രാക്ക് നിർമാണം പൂർത്തിയായി. നിർമാണ കമ്പനിയുടെ കരാർ പ്രകാരമുള്ള ജോലികളെല്ലാം പൂർത്തീകരിച്ചതായി പറയുന്നു. എട്ട് ലെയ്ൻ 400 മീറ്റർ സിന്തറ്റിക് ട്രാക്കിനു ചുറ്റും സുരക്ഷയ്ക്കായി ഫെൻസിംഗ് നിർമാണം ആരംഭിച്ചു. ട്രാക്കിൽ ഉപകരണങ്ങൾ സ്ഥാപിച്ചിട്ടില്ല. കേജ്, സ്റ്റാർട്ടിംഗ് പോയിന്റ് തുടങ്ങിയവ സ്ഥാപിക്കുന്നതിലേക്ക് പ്രത്യേക ഫണ്ട് ആവശ്യപ്പെട്ട് സ്പോർട്സ് കേരള ഫൗണ്ടേഷൻ കിഫ്ബിക്ക് പ്ലാൻ സമർപ്പിച്ചിട്ടുണ്ട്.
പണികൾ മുഴുവൻ പൂർത്തിയായശേഷമേ കരാർ പ്രകാരം സ്റ്റേഡിയം നഗരസഭയ്ക്കു കൈമാറൂ. പരിപാലനച്ചുമതല നഗരസഭയ്ക്കാണ്. കിഫ്ബിയിൽ നിന്ന് 51 കോടി രൂപ ചെലവഴിച്ചാണ് നിർമാണം. ഊരാളുങ്കൽ ലേബർ സൊസൈറ്റിക്കായിരുന്നു കരാർ.
പവലിയനുകൾ സജ്ജം
രണ്ട് പവലിയനുകളും സജ്ജമായിട്ടുണ്ട്. പവലിയന്റെ താഴത്തെ നിലയിൽ കളിക്കാർക്കും റഫറിമാർക്കുമുള്ള മുറികൾ, ഓഫീസ്, ശൗചാലയം, മീഡിയ റൂം തുടങ്ങിയവയുടെ നിർമാണം നടന്നുവരികയാണ്. ഫുട്ബോൾ ടർഫിന്റെ നിർമാണവും നടന്നുവരുന്നു. തറനിരപ്പിൽ നിന്ന് മൂന്നടിയോളം മണ്ണിട്ടുയർത്തിയാണ് ട്രാക്കും ടർഫും നിർമിച്ചിരിക്കുന്നത്. ഇക്കാരണത്താൽ വെള്ളം കെട്ടിനിൽക്കില്ല. ഡ്രെയിനേജ് സംവിധാനത്തിലെ പാളിച്ചയും വെള്ളക്കെട്ടുമാണ് നേരത്തെ സ്റ്റേഡിയത്തെ പ്രധാനമായും ബാധിച്ചിരുന്നത്. പുത്തൻ സാങ്കേതികവിദ്യ ഉപയോഗിച്ച് ഇതിനു പരിഹാരം കാണാനായത് നേട്ടമായി. മിനി ഇൻഡോർ സ്റ്റേഡിയത്തിന്റെ നിർമാണം 40 ശതമാനം മാത്രമേ ആയിട്ടുള്ളൂ.
സ്റ്റേഡിയത്തിന്റെ ആദ്യഘട്ടമെന്ന നിലയിൽ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് ഉദ്ഘാടനം നടന്നിരുന്നു.
മന്ത്രിയായിരുന്ന സ്ഥലം എംഎൽഎ വീണ ജോർജ് മുൻകൈയെടുത്ത് നീന്തൽക്കുളത്തിന്റെ ഉദ്ഘാടനമാണ് നടത്തിയത്. ഉദ്ഘാടനം നടന്നെങ്കിലും നീന്തൽക്കുളം നിർമാണം പൂർത്തിയായിട്ടില്ല. ഫിൽട്ടറേഷൻ ടാങ്കിന്റെ ജോലികൾ പൂർത്തിയാകാനുണ്ട്. വാട്ടർ ടാങ്കിന്റെ ഭിത്തിയുടെ കോൺക്രീറ്റിംഗ് ഉടൻ നടക്കും. രണ്ടാംഘട്ടത്തിൽ ഹോസ്റ്റൽ ഉൾപ്പെടെ വരുന്നതോടെ മാത്രമേ ജില്ലാ സ്റ്റേഡിയം പൂർണസജ്ജമാകൂ.